റിവ്യൂവേഴ്‌സിനെ പഴിചാരി രക്ഷപ്പെടാൻ നോക്കുന്ന മലയാള സിനിമ

മലയാള സിനിമ രക്ഷപ്പെടാൻ റിവ്യൂ നിർത്തുക എന്നതാണോ ശരിയായ  തീരുമാനം?

        മലയാളസിനിമ അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക സ്‌ഥിതിയിലൂടെയാണ് കടന്നുപോവുന്നതെന്നാണ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. ഹിറ്റ് ചാർട്ടുകൾ നോക്കിയാലും പ്രേക്ഷകർക്ക് മനസ്സിലാകുന്ന കാര്യമാണിത്. ഇതിനെപ്പറ്റി സിനിമാ പ്രവർത്തകർ അവകാശപ്പെടുന്നത്, റിലീസ് ദിവസം തന്നെ സിനിമയെപ്പറ്റി മോശമായി ഓൺലൈൻ റിവ്യൂകൾ വരുന്നതുകൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നത് എന്നാണ്. എന്നാൽ ഇതിൽ എത്രത്തോളം വസ്തുതയുണ്ട്? പ്രേക്ഷകനെ തിയേറ്ററിലേക്ക് അടുപ്പിക്കാൻ സിനിമകൾക്ക് കഴിയാതിരിക്കുന്നതിന് റിവ്യൂവേഴ്സ്നെ പഴിക്കുന്നതിൽ കാര്യമുണ്ടോ? മലയാള സിനിമ രക്ഷപ്പെടാൻ റിവ്യൂ നിർത്തുക എന്നതാണോ ശരിയായ  തീരുമാനം?

        കോവിഡിന് ശേഷം ആളുകളിലുണ്ടായ സ്വഭാവമാറ്റമാണ് സിനിമ വ്യവസായത്തിലെ ഗതിമാറ്റത്തിന് കാരണമായി വ്യക്തിപരമായി തോന്നിയിട്ടുള്ളത്. കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ആളുകൾക്ക് മുമ്പിൽ ബുദ്ധിമുട്ടുകൾ ഏറെയാണിപ്പോൾ, സാധ്യതകളും. ഒരു കുടുംബത്തിന് തീയേറ്ററിൽ പോയി സിനിമ കാണുക എന്നത് ഇന്ന് പണ്ടത്തേക്കാളേറെ ചിലവുള്ള കാര്യമാണ്. അതിൽ ടിക്കറ്റുവിലയും ജി.എസ്.ടി.യും തീയേറ്ററിലെ ഭക്ഷണസാധനങ്ങളുടെ വിലയും ഇന്ധനവിലയുമെല്ലാം ഘടകങ്ങളാണ്. അത്രയും ബുദ്ധിമുട്ടി ഒരു അവധി ദിവസം ചിലവഴിക്കണോ, അതോ വീട്ടിൽ തന്നെയിരുന്ന് പ്രതിമാസസംഖ്യ നൽകുന്ന ഒ.ടി.ടി.യിൽ കാണണോ എന്ന ചോദ്യത്തിന് 'തിയേറ്ററിൽ പോകണം' എന്ന മറുപടി ലഭിക്കാൻ പ്രയാസമാണ്: ഒന്നരമാസത്തിൽ ഒ.ടി.ടി.യിലെത്തുന്ന സിനിമ ഇപ്പോൾ തന്നെ കാണണം എന്ന പ്രേക്ഷകർ തീരുമാനിക്കണമെങ്കിൽ, അവരെ അത്രത്തോളം ആകർഷിക്കാൻ സിനിമയ്ക്ക് കഴിയണം. എന്നാൽ കാണാനുള്ള ആഗ്രഹം ജനിപ്പിക്കാൻ പോലും ഇന്ന് പുറത്തിറങ്ങുന്ന പല മലയാള സിനിമകൾക്കും കഴിയുന്നില്ല. എന്തുകൊണ്ടായിരിക്കും അത്?

സിനിമ ഏത് ജോണറിലുള്ളതായാലും അതിനു അതിന്റെതായ, രസകരമായ ഒരു X ഫാക്ടർ ഉണ്ടായിരിക്കണം

        ആദ്യം എന്താണ് ഇന്നത്തെ പ്രേക്ഷകരുടെ താല്പര്യം എന്ന വിശകലനം ചെയ്യാൻ ശ്രമിക്കാം. സിനിമ ഏത് ജോണറിലുള്ളതായാലും അതിനു അതിന്റെതായ, രസകരമായ ഒരു X ഫാക്ടർ ഉണ്ടായിരിക്കണം, അത് തരക്കേടില്ലാത്ത ഒരു തിയേറ്റർ അനുഭവം കൂടി നൽകിയാൽ പ്രേക്ഷകർ ഉറപ്പായും എത്തും. ഈ വർഷം വിജയിച്ച കുറച്ചു സിനിമകളെ ഉദ്ദാഹരണങ്ങളാക്കി നോക്കാം. 2023 ലെ ആദ്യ ഹിറ്റായിരുന്നു 'രോമാഞ്ചം'. ഒരു കൂട്ടം യുവാക്കൾ ഒന്നിച്ചു താമസിക്കുന്നിടത്ത് ഉണ്ടാകുന്ന സംഭവങ്ങളെ സിനിമ അത്രമേൽ relatable ആയും രസകരമായുമാണ് സ്‌ക്രീനിൽ എത്തിച്ചത്. അതുകൊണ്ടു തന്നെയാണ് ആ സിനിമ അത്ര വലിയ വിജയമായതും. നാം നേരിട്ടനുഭവിച്ച പ്രളയത്തെ അസാധാരണ മികവോടെയും കയ്യടക്കത്തോടെയും അവതരിപ്പിച്ച '2018 ' ഇൻഡസ്ടറി ഹിറ്റായതും ഈ വർഷം തന്നെ. കഥാഗതിയിൽ കാര്യമായ പുതുമയൊന്നുമില്ലെങ്കിലും, stylised ആക്ഷൻ അവതരണമായിരുന്നു 'RDX ' നെ വിജയിപ്പിച്ചത്. വീണ്ടും റിയലിസ്റ്റിക് സിനിമകൾ മലയാളികൾ കാണാൻ താല്പര്യപ്പെടുന്നില്ല എന്ന ചിന്തയാലാകാം കഥാപശ്ചാത്തലത്തെ അങ്ങനെ സെറ്റ് ചെയ്ത്, എന്നാൽ മുഴുവനായി സിനിമാറ്റിക് പരിചരണം കൊടുത്ത് 'കണ്ണൂർ സ്‌ക്വാഡ്' പുറത്തിറക്കിയത്; അത് ഒരു പരിധി വരെ ഫലം കാണുകയും ചെയ്തു. ഇത്തരം X factors ന്റെ ആവശ്യം പണ്ടും സിനിമകൾക്കുണ്ടായിരുന്നു, മുൻപ് പറഞ്ഞ സാഹചര്യം കൊണ്ട് ഇന്ന് പ്രേക്ഷകർ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നു എന്നുമാത്രം.

മുകളിൽ നിന്ന്: രോമാഞ്ചം, 2018, RDX, കണ്ണൂർ സ്‌ക്വാഡ്

ഏതൊരു സിനിമയ്ക്കും അതിന്റേതായ ഒരു shelf life ഉണ്ട്. 

        മുകളിൽ പറഞ്ഞ ഉദ്ദാഹരണങ്ങളിൽ നിന്ന്, പ്രേക്ഷകർ മലയാള സിനിമയോട് മാത്രമായി വിമുഖതയെന്നൊന്ന് വയ്ച്ചു പുലർത്തുന്നില്ല എന്ന് വ്യക്തം. ആകെയുള്ളത്, പ്രേക്ഷകരുടെ മാറിയ താല്പര്യങ്ങളെ മനസ്സിലാക്കുന്ന രീതിയിൽ, അവരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന കലാസൃഷ്ടികൾ വരുന്നില്ല എന്നതാണ്. ഒ.ടി.ടി.യിലെയും മറ്റുമുള്ള പ്രീ-റിലീസ് വിപണന സാധ്യത സിനിമയെ ഒരു സേഫ് ബിസിനസ് ആക്കി തോന്നിപ്പിക്കുന്നതുകൊണ്ടും ആകാം, ഇന്ന് ഒട്ടേറെ പുതിയ നിർമാതാക്കൾ ഈ രംഗത്തേക്ക് കടന്നു വരുന്നതും ഇത്രയും സിനിമകൾ പുറത്തിറങ്ങുന്നതും. അത് ഒരു നല്ല മാറ്റം തന്നെയാണ്, അല്ലെങ്കിൽ ഈ മേഖല കുറച്ചു പ്രധാനികളുടെ മാത്രം കുത്തകയായി മാറും. പക്ഷെ കോവിഡ് സമയത്ത് പ്ലാൻ ചെയ്തതും ഷൂട്ട് ചെയ്തതുമായ ഒട്ടേറെ സിനിമകൾ ഈ കാലയളവിൽ പുറത്തിറങ്ങിയതും ഒരു വെല്ലുവിളിയാണ്. സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന കലയാണ് സിനിമ. ഏതൊരു സിനിമയ്ക്കും അതിന്റേതായ  ഒരു shelf life ഉണ്ട്. അതിനെ പരിഗണിക്കാതെ ഇന്നും സിനിമകൾ നിർമിക്കപ്പെടുമ്പോൾ, വെള്ളിത്തിരയിൽ സിനിമ തെളിയുന്ന നേരം കാണാൻ ആളുകൾ എങ്ങനെ വരും. ഒപ്പം കടുത്ത മത്സരം തരാൻ ജയിലർ, ജവാൻ, ലിയോ പോലുള്ള അന്യഭാഷാ ആഘോഷചിത്രങ്ങൾ കൂടിയാകുമ്പോൾ അവയ്ക്ക് വ്യക്തമായ മേൽകൈയും കിട്ടുന്നു.

        ഇങ്ങനെയുള്ള സിനിമകൾ റിലീസ് ചെയ്ത ശേഷമാണ് റിവ്യൂവേഴ്‌സിന്റെ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതിനു സ്‌ഥാനമുള്ളത്. കുറച്ചു നാളുകൾക്കു മുമ്പ് ഒ.ടി.ടി.യും ഫീൽ ഗുഡ് (പ്രകൃതി) സിനിമകളുമായിരുന്നു പലരും മലയാള സിനിമയുടെ മോശം അവസ്ഥയ്ക്ക് കരണക്കാരാക്കി പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്, ഇപ്പോൾ അത് റിവ്യൂവേഴ്സ് ആയി മാറി എന്ന് മാത്രമേ വ്യക്തിപരമായി തോന്നുന്നുള്ളൂ. സിനിമയിൽ പണം വാങ്ങി റിവ്യൂ ചെയ്യുന്ന ആളുകൾ ഉണ്ടെന്ന് നിർമാതാക്കൾ തുടരെ അവകാശപ്പെടുന്നതല്ലാതെ അതിനുള്ള തെളിവുകൾ ആരും തന്നെ പുറത്ത് വിടുന്നില്ല. അങ്ങനെയൊരു പ്രവണതയുണ്ടെങ്കിൽ അത് തീർച്ചയായും തെറ്റാണ്. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിച്ച് ഡീഗ്രേഡ് ചെയ്യുന്ന റിവ്യൂ ബോംബിങ്ങും തികച്ചും സാമൂഹ്യ വിരുദ്ധമായ ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ, ഒരു വിഭാഗം ആളുകൾ ചെയ്യുന്ന പ്രശ്നത്തിന് റിവ്യൂകൾ തന്നെ നിർത്തലാക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് കള്ളവോട്ടില്ലാതാക്കാൻ വോട്ടിംഗ് സമ്പ്രദായം എടുത്ത് മാറ്റണം എന്ന് വാദിക്കുന്നതുപോലെ അർത്ഥസൂന്യമായിപ്പോകും.

സിനിമ മറ്റേതൊരു കലയെയും പോലെ പ്രശംസകൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നതാണ്.

പ്രമുഖ യൂട്യൂബ് റിവ്യൂവേഴ്സ് ഷസാം, ഉണ്ണി വ്ലോഗ്സ്, അശ്വന്ത് കോക് 
      

        ഇന്ത്യൻ ഭരണഘടന അതിന്റെ ഏതൊരു പൗരനും നൽകുന്ന മൗലിക അവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കാത്ത ഏതൊരു കാര്യത്തെ പറ്റിയും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന നാട്ടിൽ, സ്വന്തം കാശു മുടക്കി കാണുന്ന സിനിമയെപ്പറ്റി അഭിപ്രായം പറയാൻ പാടില്ല, പറയുന്നെങ്കിൽ ഏഴു ദിവസം കഴിഞ്ഞേ പറയാവൂ എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമായ വാദങ്ങളാണ്. റിവ്യൂ ചെയ്യുന്ന രീതിയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വ്യക്തിയാണ് അശ്വന്ത് കോക്. അദ്ദേഹത്തിന്റെ റിവ്യൂ രീതിയുടെ സാമൂഹിക വശം എന്ത് തന്നെയുമാകട്ടെ, അദ്ദേഹം തന്റെ വീഡിയോയിലൂടെ പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതുപോലെ തന്നെയാണ് ഏതൊരു യൂട്യൂബ് റിവ്യൂവറും. 

        സിനിമ മറ്റേതൊരു കലയെയും പോലെ പ്രശംസകൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നതാണ്. ആ സാഹചര്യത്തിൽ ക്രിയാത്മകമായ വിമർശനങ്ങളെ ഉൾക്കൊണ്ട്, മെച്ചപ്പെട്ട കലാസൃഷ്ടികളെ കൊണ്ടുവരാനാണ് സിനിമാപ്രവർത്തകർ ശ്രമിക്കേണ്ടത്. അല്ലാതെ നിരൂപണം നടത്തുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവം എടുത്ത് മാറ്റാൻ അവർ തയ്യാറാകണം. നല്ല വിമർശനങ്ങളിലൂടെ മാത്രമേ, ലോകത്ത് ഏതൊരു മേഖലയിലും പുരോഗതി ഉണ്ടായിട്ടുള്ളൂ. അതിൽ പിന്നെ റിവ്യൂ പറയാനുള്ള യോഗ്യതയെ പറ്റിയുള്ള കൂടുതൽ ചർച്ചകളും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല- കാരണം ആ സിനിമ കാണാൻ ഞാൻ ചിലവഴിച്ച രണ്ടര മണിക്കൂറാണ്, അഭിപ്രായം പറയാനുള്ള എന്റെ യോഗ്യത.




Comments

Popular posts from this blog

The Problem with ‘Varshangalkku Sesham’

Plight of Indian Women: Hypocrisy, Patriarchy and Rape Culture